Saturday, May 30, 2009

ഉണ്ണിയപ്പം നിര്‍മ്മാണം.

ഉണ്ണിയപ്പമുണ്ടാക്കല്‍ ഒരു ഭയങ്കര സംഭവമാണെന്നു ഒരു തെറ്റിദ്ധാരണ എനിക്കുണ്ടായിരുന്നു.. ഉണ്ടാക്കിയാലും ഒന്നിലോ കല്ലിക്കും, അല്ലെങ്കില്‍ ടേസ്റ്റ് ശരിയാകില്ല അങ്ങനെ അങ്ങനെ എന്തെങ്കിലും ഒക്കെ പറ്റും. അതിനാന്‍ ഞാന്‍ അമ്മയുടെ റെസിപ്പി (അമ്മായിഅമ്മയുടെ) കുലുങ്കിഷിതമായി വാച്ച് ചെയ്തു. എനിക്കു മനസിലായ ഒരു കാര്യം പാചകത്തില്‍ മനോധര്‍മ്മം എന്ന ഒരു സംഗതി ഉണ്ട്. അതാണു എല്ലാവരും ശ്രദ്ധിക്കേണ്ടത്. അതു പലരിലും പല പോലെയിരിക്കും.
സാധങ്ങള്‍ വേണ്ടത്. (പടത്തില്‍ കാണുന്ന അത്രയും മതി)

അരിപ്പൊടിയും മൈദപ്പൊടിയും (സമം സമം)
പഴം, പാളയന്‍കൊടന്‍ (മൈസൂര്‍ പൂവന്‍)
തേങ്ങകൊത്ത് (ചെറുതാക്കി അരിഞ്ഞത്. അവൈലബിലിറ്റിയിലുള്ള പ്രശ്നവും മടിയും കാരണം ഞാന്‍ തേങ്ങ ചെരികയതാണിവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇതായാലും പ്രശ്നം ഉള്ളതായി തോന്നിയില്ല.)
എള്ള് , ജീരകം
ചുക്ക്, ഏലക്ക, ജീരകം പൊടിച്ചത്.
ശര്‍ക്കര
നെയ്യ്
വെളിച്ചെണ്ണ മാവു നിര്‍മ്മാണം ചുരുക്കത്തില്‍
1. ശര്‍ക്കര വെള്ളം ചേര്‍ത്ത് ഉരുക്കുക. പാനിപോലെ ഒന്നും ആക്കണ്ട. അതു മാറ്റിവയ്ക്കുക
2. പഴം മിക്സിയില്‍ ഉഷാറായി അടിക്കുക.
3. ലേശം നെയ്യൊഴിച്ച് തേങ്ങകൊത്ത് ആദ്യം ഇടുക. തേങ്ങാ മൂക്കാന്‍ തുടങ്ങുമ്പോള്‍ മാത്രം, എള്ള് ജീരകം കൂടെ ചേര്‍ക്കുക. ഇതില്‍ ജീരകം പേരിനു മതി. (ശകലം മതിയെന്ന്)
4. ചുക്ക്, ഏലക്ക, ജീരകം ഇവ പൊടിച്ചെടുക്കുക.
5. അരിപ്പൊടി+ മൈദപ്പൊടി+ചുക്ക്-ഏലക്ക-ജീരകം പൊടിച്ചത്+ വറുത്തെടുത്ത തേങ്ങ- എള്ള്-ജീരകം + പഴം അടിച്ചത് ഇവയില്‍ ശര്‍ക്കര ലായനിയി ഒഴിച്ച് ഒരു ഇഡ്ഡലിമാവു പരുവത്തില്‍ മാവാക്കുക. ശര്‍ക്കര്‍ ലായനി തികഞ്ഞില്ലെങ്കില്‍ വെള്ളം ഉപയോഗിക്കണം.

ഇത് ഒരു ഒന്ന് ഒന്നര മണിക്കൂര്‍ ഇരിക്കട്ടെ.


അപ്പക്കാര ചൂടാകുമ്പോള്‍ വെളിച്ചെണ്ണ, കുഴിയുടെ മുക്കാല്‍ ഭാഗത്തോളം ഒഴിക്കണം. വെളിച്ചെണ്ണ ചൂടായാല്‍ മാവ് ഓരോ കുഴിയിലും ഒഴിച്ച് കൊടുക്കുക. വെന്തുതുടങ്ങുമ്പോള്‍ തീ കുറച്ച്, പപ്പടക്കമ്പിയോ സ്പൂണോ ഉപയോഗിച്ച് തിരിച്ചിട്ട് കൊടുക്കണം.
ഈ തിരിച്ചിടല്‍ ഒരുതവണയേ ചെയ്യേണ്ടൂ. താഴെ കാണുന്ന പാവം അപ്പങ്ങള്‍ക്ക് പരുക്കു പറ്റിയത് പപ്പടക്കമ്പിയുടെ കുസൃതിയാണു. നല്ല കൂര്‍മൊന ഉള്ള കമ്പി ഉപയോഗിച്ചാല്‍ സുഷിരം കാണുകയേ ഇല്ല. അല്ലെങ്കില്‍ ഉസ്പൂണ്‍.
സംഗതി ഇനി തിന്നുകയേ വേണ്ടു. തണുത്താലാണു രസം കൂടുക. വ്യക്തിപരമായി പറഞ്ഞാല്‍ ഉണ്ടാക്കിയതിന്റെ അടുത്ത ദിവസവും പിന്നത്തെ ദിവസവും ആണു എനിക്ക് ഇഷ്ടമാകാറുള്ളത്.

Thursday, May 14, 2009

ഈ കറിയുടെ പേര്? ഗോമ്പറ്റീഷന്‍

ഇതൊരു ബെസ്റ്റ് കറിയാണു. ഇതിന്റെ പേരു എനിക്കറിയില്ല. വെണ്ടക്കമോരുകൂട്ടാന്‍ എന്നു പറയാമെന്നു തോന്നുന്നു. വെണ്ടക്കാപച്ചടി എന്നും പറയാന്‍ പറ്റില്ല. (പച്ചടിയില്‍ കടുകു അരച്ചു ചേര്‍ക്കാറുണ്ടല്ലോ) ഇതിനൊരു ഉചിതമായ പേരു പറയുന്നവര്‍ക്ക് ഒരു സമ്മാനം. ഇനി ഇതു ഉണ്ടാക്കുമ്പോള്‍ ഗണപതിക്കു വക്കുന്നതു പോലെ ഒരല്പം അവര്‍ക്കായി മാറ്റി വയ്ക്കാം. :)
ചിത്രത്തില്‍ കാണുന്ന് സാധനങ്ങള്‍ മതി. ഇതില്‍ ഉള്ളി അരിയുമ്പോള്‍ ശ്രദ്ധിക്കുക. ഒരു ഉള്ളി നീളത്തില്‍ അരിഞ്ഞ് രണ്ടു കഷ്ണമാക്കിയാല്‍ മതിയാകും. പച്ചമുളക് കീറി ഇടുക.

ചീനചട്ടി എടുക്കുക. (ഫ്രൈ പാനിലായാലും മാഫീ മുശ്ക്കില്‍). വെളിച്ചെണ്ണ ചൂടാക്കുക.
കടുകു പൊട്ടിക്കുക. ഉള്ളി കഷ്ണങ്ങളും പച്ച മുളകും, കറിവേപ്പിലയും ഇട്ട് വഴറ്റുക.
ഉള്ളിയുടെ നിറം മാറുമ്പോള്‍ അതായത് ബ്രൌണ്‍ ആകുമ്പോള്‍ വെണ്ടക്കാ കഷ്ണങ്ങള്‍ ഇടണം. ഉപ്പ് ആവശ്യത്തിനു ഈ ഘട്ടത്തില്‍ ചേര്‍ക്കുക.
3-4 മിനിറ്റ് വെണ്ടക്ക കളറുമാറും. വെണ്ടക്ക ഒരു ഫ്രൈ എഫക്റ്റിലാണു രൂപാന്തരം പ്രാപിക്കുക.

ഇതിനിടയില്‍ പകുതി തൈര്‌ മിക്സിയില്‍ ഒന്നു വെറുതേ അടിച്ച് ഇതില്‍ ഒഴിച്ച് ഒന്നു തിളയ്ക്കുന്നതു വരെ ചൂടാക്കുക.
(മറ്റേ പാത്രത്തില്‍ കാണുന്ന നാളികേരം, ജീരകം, പച്ചമുളകും എല്ലാം കൂടി മിക്സിയിലിട്ട് അടിച്ച മിശ്രിതം തയാറാക്കണം ഇതിനിടെ.) ഈ മിശ്രിതം നേരേ കറിയിലൊഴിച്ച് അല്പം ഒന്നു തിളയ്ക്കാന്‍ അനുവദിക്കുക. (തിള കൂടിയാല്‍ ഒക്കെ പോയി. just ഒരു തിള)

സംഗതി റെഡി.

ടിപ്പ്: തൈര് ആദ്യം ചുമ്മാ ഒഴിക്കുന്നു. പിന്നെ നാളികേരം കൂട്ടി അടിച്ച് ഒഴിക്കുന്നു. ഇത് ഒക്കെ കൂടി ഒരിക്കല്‍ ചെയ്താല്‍ പോരേ എന്ന് ചോദിക്കരുത്. ഇങ്ങനെ ചെയ്യുമ്പോഴാണ് ഇതിനു ആ ഒരു ‘ഇദ് ‘ വരുകയുള്ളൂ. വെള്ളം ഒട്ടും ചേര്‍ക്കരുത്.

Thursday, May 7, 2009

3. ദോശയ്ക്ജൊരു ചമ്മന്തി അഞ്ചുമിനിറ്റിലുണ്ടാക്കാം.

ഇത്രെം സിമ്പിളായി ദോശയ്ക്ക് കൂട്ടിക്കഴിക്കാന്‍ ഒരു സാധനം ഉണ്ടാക്കാന്‍ വേറേ കഴിയില്ല. മാക്സിമം അഞ്ചുമിനിറ്റു കൊണ്ട് ഇതുണ്ടാക്കാം.
ഒരു സബോള എടുക്കുക. കുനു കുനെ അരിയുക. അരിഞ്ഞതില്‍ ആവശ്യത്തിനു ഉപ്പുചേര്‍ത്ത് നന്നായി ഒന്നു ഞെരടുക. രണ്ടു മൂന്നു മിനിറ്റ് വച്ചാല്‍ സബോളയുടെ ആ കുത്ത് ആവിയായി പോകും.

ഇനി അല്പം മുളകുപൊടി ചേര്‍ത്ത് വീണ്ടും ഒന്നു ഞെരടുക. ആവശ്യത്തിനു ശുദ്ധമായ വെളിച്ചെണ്ണ ചേര്‍ക്കുക.


ദോശയും കൂട്ടി കഴിച്ചു നോക്കൂ..... ഉള്ളിച്ചമ്മന്തിയേക്കാള്‍ കേമനായി തോന്നും.