Saturday, August 29, 2009

പരോൾ ഇപ്പോൾ ബ്ലോഗ്ഗിൽ കാണാം

ഇതിന്റെ ഷൂട്ടിംഗിനു ഞാൻ രണ്ടുദിവസം ഉണ്ടായിരുന്നു. തിരക്കഥാകൃത്ത്ത്‌ വിളിച്ചിട്ട്‌ പോയതാണ്‌.
ഷൂട്ടിംഗ്‌ സമയത്തൊന്നും ഇത്‌ ഇത്ര മനോഹര രംഗങ്ങളായി മാറുമെന്ന് തോന്നില്ല കേട്ടോ. ബൂലോക കവിതയുടെ ഓണപതിപ്പിൽ പരോൾ കാണാം ഇപ്പോൾ എല്ലാവർക്കും.

Monday, August 3, 2009

കായ എരിശ്ശേരി (സിമ്പിള്‍)

മത്തങ്ങ-പയര്‍ എരിശ്ശേരി, കായ-ചേന എരിശ്ശേരി ഇതൊക്കെ എല്ലാവരും പ്രയോഗിച്ചിട്ടുള്ള സമ്പവങ്ങളായിരിക്കും. ഈ കായ എരിശ്ശേരിയുടെ പ്രത്യേകത നിര്‍മ്മാണം തുലോം സിമ്പിള്‍ ആണ് എന്നുള്ളതാണ്. ഇതിന് (1-2) കായ മാത്രം മതി. അരപ്പിന്റെ കാര്യമില്ല. ജീരകം, കുരുമുളക് ചേര്‍ക്കും.
വേണ്ട സാധനങ്ങള്‍
1-2 കായ പടത്തിലെ പോലെ നുറുക്കി വക്കുക.
കുറച്ചു തേങ്ങ ചതച്ചു വക്കുക.
ചെയ്യേണ്ട കാര്യങ്ങള്‍
കായ നുറുക്കിയത് ആവശ്യത്തിന് ഉപ്പും മുളകും മഞ്ഞളും കുറച്ച് വെള്ളവും ചേര്‍ത്ത് വേവിക്കുക. കുക്കറിലാണെങ്കില്‍ ഒരു വിസില്‍.

ഒരു ചീന ചട്ടീല് (ജപ്പാന്‍ ചട്ടി ആയാലും ഇന്ത്യന്‍ ചട്ടി ആയാലും പ്രശ്നമില്ല) വെളിച്ചെണ്ണ അല്പം എടുത്ത് ചൂടാക്കുക. അതില്‍ കടുക് പൊട്ടിക്കുക. ജീരകം അതിനു ശേഷം ഇടുക. ജീരകം കരിയാന്‍ സമ്മതിക്കരുത്. അപ്പോഴേക്കും നാളികേരം ചതച്ചത് ചേര്‍ത്തിളക്കുക. നാളികേരം പുളിയനുറുമ്പിന്റെ കളര്‍ ആകുന്നതു വരെ ചെറുചൂടില്‍ വറുക്കുക. ആ കളര്‍ ലഭിച്ചാല്‍ അതില്‍ വേവിച്ച കായ ചേര്‍ക്കുക. ഈ കായ മിശ്രിതത്തില്‍ വെള്ളം അധികം ഉണ്ടാകരുത്. ഒരു തരം ഡ്രൈ പരുവം.

മൊത്തത്തില്‍ ഇളക്കുക. എരിശ്ശേരി ഉരുത്തിരിഞ്ഞുവരുന്നതു നമുക്ക് കാണാം. വാങ്ങുന്നതിനു മുമ്പ് അല്പം കുരുമുളകു പൊടി ചേര്‍ക്കുക.


എരിശ്ശേരി റെഡ്ഡി!


പ്ലീസ് ട്രൈ.

Monday, June 22, 2009

തക്കാളിച്ചമ്മന്തിയും മുളകുകഷായവും.


വേണ്ട ഐറ്റംസ്:
ചോന്ന മുളക്, തക്കാളി, സബോള, മല്ലിയില (ഇവിടെ കാണുന്നത്)
ചോന്ന മൂളക്, തക്കാളി, ചെറിയ ഉള്ളി, കറിവേപ്പില (യഥാര്‍ത്ഥ കോമ്പിനേഷന്‍)

ആദ്യം ഇട്ടിരിക്കുന്ന കോമ്പിനേഷനു ശരവണയിലെ (യൂയേയി) ചമ്മന്തിയുടെ സ്വാദ് കിട്ടുന്നുണ്ട്.
നിര്‍മ്മാണം:
ആദ്യം മുളക് സബോള വഴറ്റുക (കുറച്ച് വെളിച്ചെണ്ണയില്‍)
സബോള ഒന്ന് വഴലുമ്പോള്‍ തക്കാളികൂടിചേര്‍ത്ത് വഴറ്റല്‍ തുടരുക. തക്കാളി ഉടയാന്‍ തുടങ്ങുമ്പോള്‍ വാങ്ങി വയ്കുക.
ഇതില്‍ ആവശ്യത്തിനു ഉപ്പ്, മല്ലിയില ഇവചേര്‍ത്ത് മിക്സിയില്‍ അരയ്ക്കുക.
മുളകുകഷായം
ചുമ്മാ മുളകുപൊടി ചുമ്മാ വെളിച്ചെണ്ണയില്‍ ചാലിക്കുക. (പപ്പടംവറുത്ത വെളിച്ചെണ്ണയിലാണു ബഹുജോറെന്ന് പറയപ്പെടുന്നു)

Sunday, June 14, 2009

ഉഡായിപ്പ് ഉള്ളിത്തോരന്‍

പെട്ടന്ന് ആരെങ്കിലും ഗസ്റ്റ് വന്നു. പച്ചക്കറി സ്റ്റോക്ക് ശൂന്യം. (കുഴപ്പമില്ല, ഫോണ്‍ ചെയ്താല്‍ എന്തും വരും ഗ്രോസറിയില്‍ നിന്ന് അല്ലെ? പക്ഷേ ഞങ്ങളുടെ താമസസ്ഥലത്തെ ഗ്രോസറിയില്‍ പച്ചക്കറി ഇല്ല. ലുലുവോ, അല്‍ ഹൂത്തോ, മനാമയോ ശരണം. അവരാകട്ടെ നമ്മള്‍ ഫോണ്‍ ചെയ്താല്‍ കൊണ്ടുവരില്ല ഒന്നും) ഈ അവസരത്തില്‍ വിരുന്നുകാരെ ഞെട്ടിക്കാന്‍ പറ്റിയ ഒരു തോരനാണിത്. ഇതിന്റെ ടേസ്റ്റ് ഇന്നുവരെ ആരും പുകഴ്ത്താതിരുന്നിട്ടില്ല. സംഗതി അത്രയ്ക്ക് ഗംഭീരനാണു.

ഇമ്പോര്‍ട്ടന്റ് സംഗതി:
ഇതിനുപയോഗിക്കേണ്ടത് ചെറിയ ഉള്ളി ആണ്. അതുപയോഗിച്ചാകുമ്പോള്‍ അല്പം തോരന്‍ കൊണ്ട് മൂന്നുപാത്രം ചോറുവരെ ഉണ്ണാം.
ഇവിടെ ഞാന്‍ സബോള കൊണ്ടാണു ഉണ്ടാക്കിയിരിക്കുന്നത്. ഉള്ളിയുടെ അത്ര വരില്ലെന്നെയുള്ളൂ. എങ്കിലും സംഗതി ജോര്‍.
വീട്ടിലെ പച്ചക്കറി സ്റ്റോക്ക് തീരുന്ന സമയത്താണ് സാധാരണ ഇത് ഉണ്ടാക്കുക.

കണ്‍സ്ട്രക്ഷന്‍:


സബോള അരിയണം.(3 എണ്ണമാ‍ണ് പടത്തിലുള്ളത്). തേങ്ങ കുറച്ച്. (അര തേങ്ങ) ഒന്നു രണ്ടു പച്ചമുളകും ചേറ്ത്ത് മിക്സിയില്‍ ഒന്നു ചതച്ചെടുക്കുക. (മിക്സിയില്‍ ഒന്ന് കറക്കിയെടുക്കുക.).
ചീനചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് കടുക്, ചുവന്ന് മുളക്, കറിവേപ്പില ഒക്കെ പൊട്ടിക്കുക. എന്നിട്ട് ഈ തേങ്ങ ചതച്ചത് ചേര്‍ക്കണം. തേങ്ങ നല്ല ബ്രൌണ്‍ നിറമാകുന്ന സമയത്ത് അരിഞ്ഞ സബോള ചേര്‍ക്കുക. ഉപ്പ് ചേര്‍ക്കണം.

ഇനി 1-2 മിനിറ്റ് അടച്ചു വക്കുക. അതിനു ശേഷം തുറന്നിട്ടു വലിയിക്കണം. ഈ സമയത്ത് അല്പം മുളകുപൊടി കൂടി ചേര്‍ക്കുക. നന്നായി ഒന്നിളക്കി അല്പം കഴിഞ്ഞ്‌ വാങ്ങി വക്കാം.
ഞാന്‍ ഉണ്ടാക്കിയ സംഗതി ദാ ഇവിടെ ഉണ്ട്.


Saturday, May 30, 2009

ഉണ്ണിയപ്പം നിര്‍മ്മാണം.

ഉണ്ണിയപ്പമുണ്ടാക്കല്‍ ഒരു ഭയങ്കര സംഭവമാണെന്നു ഒരു തെറ്റിദ്ധാരണ എനിക്കുണ്ടായിരുന്നു.. ഉണ്ടാക്കിയാലും ഒന്നിലോ കല്ലിക്കും, അല്ലെങ്കില്‍ ടേസ്റ്റ് ശരിയാകില്ല അങ്ങനെ അങ്ങനെ എന്തെങ്കിലും ഒക്കെ പറ്റും. അതിനാന്‍ ഞാന്‍ അമ്മയുടെ റെസിപ്പി (അമ്മായിഅമ്മയുടെ) കുലുങ്കിഷിതമായി വാച്ച് ചെയ്തു. എനിക്കു മനസിലായ ഒരു കാര്യം പാചകത്തില്‍ മനോധര്‍മ്മം എന്ന ഒരു സംഗതി ഉണ്ട്. അതാണു എല്ലാവരും ശ്രദ്ധിക്കേണ്ടത്. അതു പലരിലും പല പോലെയിരിക്കും.
സാധങ്ങള്‍ വേണ്ടത്. (പടത്തില്‍ കാണുന്ന അത്രയും മതി)

അരിപ്പൊടിയും മൈദപ്പൊടിയും (സമം സമം)
പഴം, പാളയന്‍കൊടന്‍ (മൈസൂര്‍ പൂവന്‍)
തേങ്ങകൊത്ത് (ചെറുതാക്കി അരിഞ്ഞത്. അവൈലബിലിറ്റിയിലുള്ള പ്രശ്നവും മടിയും കാരണം ഞാന്‍ തേങ്ങ ചെരികയതാണിവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇതായാലും പ്രശ്നം ഉള്ളതായി തോന്നിയില്ല.)
എള്ള് , ജീരകം
ചുക്ക്, ഏലക്ക, ജീരകം പൊടിച്ചത്.
ശര്‍ക്കര
നെയ്യ്
വെളിച്ചെണ്ണ മാവു നിര്‍മ്മാണം ചുരുക്കത്തില്‍
1. ശര്‍ക്കര വെള്ളം ചേര്‍ത്ത് ഉരുക്കുക. പാനിപോലെ ഒന്നും ആക്കണ്ട. അതു മാറ്റിവയ്ക്കുക
2. പഴം മിക്സിയില്‍ ഉഷാറായി അടിക്കുക.
3. ലേശം നെയ്യൊഴിച്ച് തേങ്ങകൊത്ത് ആദ്യം ഇടുക. തേങ്ങാ മൂക്കാന്‍ തുടങ്ങുമ്പോള്‍ മാത്രം, എള്ള് ജീരകം കൂടെ ചേര്‍ക്കുക. ഇതില്‍ ജീരകം പേരിനു മതി. (ശകലം മതിയെന്ന്)
4. ചുക്ക്, ഏലക്ക, ജീരകം ഇവ പൊടിച്ചെടുക്കുക.
5. അരിപ്പൊടി+ മൈദപ്പൊടി+ചുക്ക്-ഏലക്ക-ജീരകം പൊടിച്ചത്+ വറുത്തെടുത്ത തേങ്ങ- എള്ള്-ജീരകം + പഴം അടിച്ചത് ഇവയില്‍ ശര്‍ക്കര ലായനിയി ഒഴിച്ച് ഒരു ഇഡ്ഡലിമാവു പരുവത്തില്‍ മാവാക്കുക. ശര്‍ക്കര്‍ ലായനി തികഞ്ഞില്ലെങ്കില്‍ വെള്ളം ഉപയോഗിക്കണം.

ഇത് ഒരു ഒന്ന് ഒന്നര മണിക്കൂര്‍ ഇരിക്കട്ടെ.


അപ്പക്കാര ചൂടാകുമ്പോള്‍ വെളിച്ചെണ്ണ, കുഴിയുടെ മുക്കാല്‍ ഭാഗത്തോളം ഒഴിക്കണം. വെളിച്ചെണ്ണ ചൂടായാല്‍ മാവ് ഓരോ കുഴിയിലും ഒഴിച്ച് കൊടുക്കുക. വെന്തുതുടങ്ങുമ്പോള്‍ തീ കുറച്ച്, പപ്പടക്കമ്പിയോ സ്പൂണോ ഉപയോഗിച്ച് തിരിച്ചിട്ട് കൊടുക്കണം.
ഈ തിരിച്ചിടല്‍ ഒരുതവണയേ ചെയ്യേണ്ടൂ. താഴെ കാണുന്ന പാവം അപ്പങ്ങള്‍ക്ക് പരുക്കു പറ്റിയത് പപ്പടക്കമ്പിയുടെ കുസൃതിയാണു. നല്ല കൂര്‍മൊന ഉള്ള കമ്പി ഉപയോഗിച്ചാല്‍ സുഷിരം കാണുകയേ ഇല്ല. അല്ലെങ്കില്‍ ഉസ്പൂണ്‍.
സംഗതി ഇനി തിന്നുകയേ വേണ്ടു. തണുത്താലാണു രസം കൂടുക. വ്യക്തിപരമായി പറഞ്ഞാല്‍ ഉണ്ടാക്കിയതിന്റെ അടുത്ത ദിവസവും പിന്നത്തെ ദിവസവും ആണു എനിക്ക് ഇഷ്ടമാകാറുള്ളത്.

Thursday, May 14, 2009

ഈ കറിയുടെ പേര്? ഗോമ്പറ്റീഷന്‍

ഇതൊരു ബെസ്റ്റ് കറിയാണു. ഇതിന്റെ പേരു എനിക്കറിയില്ല. വെണ്ടക്കമോരുകൂട്ടാന്‍ എന്നു പറയാമെന്നു തോന്നുന്നു. വെണ്ടക്കാപച്ചടി എന്നും പറയാന്‍ പറ്റില്ല. (പച്ചടിയില്‍ കടുകു അരച്ചു ചേര്‍ക്കാറുണ്ടല്ലോ) ഇതിനൊരു ഉചിതമായ പേരു പറയുന്നവര്‍ക്ക് ഒരു സമ്മാനം. ഇനി ഇതു ഉണ്ടാക്കുമ്പോള്‍ ഗണപതിക്കു വക്കുന്നതു പോലെ ഒരല്പം അവര്‍ക്കായി മാറ്റി വയ്ക്കാം. :)
ചിത്രത്തില്‍ കാണുന്ന് സാധനങ്ങള്‍ മതി. ഇതില്‍ ഉള്ളി അരിയുമ്പോള്‍ ശ്രദ്ധിക്കുക. ഒരു ഉള്ളി നീളത്തില്‍ അരിഞ്ഞ് രണ്ടു കഷ്ണമാക്കിയാല്‍ മതിയാകും. പച്ചമുളക് കീറി ഇടുക.

ചീനചട്ടി എടുക്കുക. (ഫ്രൈ പാനിലായാലും മാഫീ മുശ്ക്കില്‍). വെളിച്ചെണ്ണ ചൂടാക്കുക.
കടുകു പൊട്ടിക്കുക. ഉള്ളി കഷ്ണങ്ങളും പച്ച മുളകും, കറിവേപ്പിലയും ഇട്ട് വഴറ്റുക.
ഉള്ളിയുടെ നിറം മാറുമ്പോള്‍ അതായത് ബ്രൌണ്‍ ആകുമ്പോള്‍ വെണ്ടക്കാ കഷ്ണങ്ങള്‍ ഇടണം. ഉപ്പ് ആവശ്യത്തിനു ഈ ഘട്ടത്തില്‍ ചേര്‍ക്കുക.
3-4 മിനിറ്റ് വെണ്ടക്ക കളറുമാറും. വെണ്ടക്ക ഒരു ഫ്രൈ എഫക്റ്റിലാണു രൂപാന്തരം പ്രാപിക്കുക.

ഇതിനിടയില്‍ പകുതി തൈര്‌ മിക്സിയില്‍ ഒന്നു വെറുതേ അടിച്ച് ഇതില്‍ ഒഴിച്ച് ഒന്നു തിളയ്ക്കുന്നതു വരെ ചൂടാക്കുക.
(മറ്റേ പാത്രത്തില്‍ കാണുന്ന നാളികേരം, ജീരകം, പച്ചമുളകും എല്ലാം കൂടി മിക്സിയിലിട്ട് അടിച്ച മിശ്രിതം തയാറാക്കണം ഇതിനിടെ.) ഈ മിശ്രിതം നേരേ കറിയിലൊഴിച്ച് അല്പം ഒന്നു തിളയ്ക്കാന്‍ അനുവദിക്കുക. (തിള കൂടിയാല്‍ ഒക്കെ പോയി. just ഒരു തിള)

സംഗതി റെഡി.

ടിപ്പ്: തൈര് ആദ്യം ചുമ്മാ ഒഴിക്കുന്നു. പിന്നെ നാളികേരം കൂട്ടി അടിച്ച് ഒഴിക്കുന്നു. ഇത് ഒക്കെ കൂടി ഒരിക്കല്‍ ചെയ്താല്‍ പോരേ എന്ന് ചോദിക്കരുത്. ഇങ്ങനെ ചെയ്യുമ്പോഴാണ് ഇതിനു ആ ഒരു ‘ഇദ് ‘ വരുകയുള്ളൂ. വെള്ളം ഒട്ടും ചേര്‍ക്കരുത്.

Thursday, May 7, 2009

3. ദോശയ്ക്ജൊരു ചമ്മന്തി അഞ്ചുമിനിറ്റിലുണ്ടാക്കാം.

ഇത്രെം സിമ്പിളായി ദോശയ്ക്ക് കൂട്ടിക്കഴിക്കാന്‍ ഒരു സാധനം ഉണ്ടാക്കാന്‍ വേറേ കഴിയില്ല. മാക്സിമം അഞ്ചുമിനിറ്റു കൊണ്ട് ഇതുണ്ടാക്കാം.
ഒരു സബോള എടുക്കുക. കുനു കുനെ അരിയുക. അരിഞ്ഞതില്‍ ആവശ്യത്തിനു ഉപ്പുചേര്‍ത്ത് നന്നായി ഒന്നു ഞെരടുക. രണ്ടു മൂന്നു മിനിറ്റ് വച്ചാല്‍ സബോളയുടെ ആ കുത്ത് ആവിയായി പോകും.

ഇനി അല്പം മുളകുപൊടി ചേര്‍ത്ത് വീണ്ടും ഒന്നു ഞെരടുക. ആവശ്യത്തിനു ശുദ്ധമായ വെളിച്ചെണ്ണ ചേര്‍ക്കുക.


ദോശയും കൂട്ടി കഴിച്ചു നോക്കൂ..... ഉള്ളിച്ചമ്മന്തിയേക്കാള്‍ കേമനായി തോന്നും.

Wednesday, April 29, 2009

മുതിര കൊണ്ട് ചമ്മന്തിയുണ്ടാക്കാം.


ഇതു മുതിര കൊണ്ടുള്ള ചമ്മന്തി ആണു. ഇതിന്റെ പ്രത്യേകത ഇതു എന്റെ ചെറുപ്പം തൊട്ടേ ഞാന്‍ കാണുന്നതാണ് എന്നുള്ളതാണ്. (വീട്ടില്‍ ഉണ്ടാക്കാറുണ്ട് എന്ന്.) പക്ഷേ ഇതു ഇവിടെ വന്നതിനു ശേഷം ഉണ്ടാക്കിയപ്പോള്‍ ഒരു വിധം എല്ലാവരും ഇത് പുതിയ ഒരു അറിവാണല്ലോ എന്നു പറഞ്ഞതിനാല്‍ ആണു ഇപ്പോള്‍ ഇവിടെ ഇടുന്നത്. എല്ലാവരും പരീക്ഷിച്ചു നോക്കണമേ. സിമ്പിളാണു്.
മുകളിലെ പടത്തില്‍ കാണുന്ന സാധനനങ്ങള്‍ മാത്രം മതി. ഇത്തിരി ഉപ്പും രണ്ടു സ്പൂണ്‍ വെളിച്ചെണ്ണയും കൂടി വേണം. (അതു മാത്രം ചിത്രത്തില്‍ കാണാന്‍ വഴിയില്ല;) )
ഇതില്‍ മുതിര കാണിച്ചിട്ടുള്ളത് വെറും മുതിരയല്ല. വറുത്ത മുതിരയാണ്. വറുക്ക എന്നു പറയുമ്പോള്‍ വെറുതേ ചൂടാക്കുക. മുതിരയുടേ മണം ഉയരുമ്പോള്‍ അപ്പോഴേക്കും ചെറിയരീതിയില്‍ മുതിര പൊട്ടിതുടങ്ങും വാങ്ങി മാറ്റിവക്കണം.
ആ കാണുന്ന കൊല്ലന്‍ മുളക് (ചുമന്ന മുളക്) ചുട്ടെടുത്താകണം. (ഒവനില്‍ വച്ചാലും ഗ്യാസ് തീയില്‍ കാട്ടിയാലും ‘ചുട്ട്’ എടുക്കാം.

ഇത്രയും ആയാം സംഗതി സിമ്പിള്‍.

മിക്സി എടുക്കുക. ആദ്യം മുതിര ഇടുക. ഒന്ന് പെരുക്കുക. അതിനുശേഷം ബാക്കി നാ‍ളികേരം, ഉള്ളി, മുളക് (രണ്ടു തരം), കരിവേപ്പില, പുളി ഇവയും ഇട്ട് സാധാരണ ചമന്തി അരക്കുന്നതുപോലെ പെരുക്കുക. ഉപ്പുചേര്‍ക്കാന്‍ മറക്കരുത്. (ഞാന്‍ വെള്ളം ഒട്ടും തന്നെ ചേര്‍ക്കാറില്ല, ചേര്‍ത്താലും വലിയ തെറ്റില്ല എന്നു തോന്നുന്നു)

മിക്സിയില്‍ നിന്ന് വാങ്ങി രണ്ടു ടിസ്പൂണ്‍ ശുദ്ധവെളിച്ചെണ്ണ ചേര്‍ത്താല്‍ സംഗതി റെഡി.
പരീക്ഷിക്കണേ.

Tuesday, April 21, 2009

പച്ചപയര്‍ തോരന്‍ (സമര്‍പ്പണം സൂ ചേച്ചിക്ക്)

ഇതുപോലെയുള്ള പയര്‍ എന്നും ഇവിടെ എല്ലാ കടകളിലും കിട്ടും. വലിയ വിലയായിരിക്കും ചുരുക്കം ചില സമയങ്ങളില്‍ എന്നു മാത്രം. ഇതു കൊണ്ട് പയര്‍ ഉപ്പേരി ആണു സാധാരണ ഉണ്ടാക്കാന്‍ എളുപ്പം. ഒന്ന് ഒന്നര സെന്റീമീറ്ററില്‍ അരിഞ്ഞാല്‍ പെട്ടന്ന് പണി കഴിയുമല്ലോ. തോരന്‍ ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. പയര്‍ ചെറുതായി അരിയുക എന്ന ഒരു കാര്യം മാത്രമേ ഇതില്‍ അല്പം സമയമെടുക്കുകയുള്ളൂ. ഈ പണി ഈസിയായി ആണുങ്ങളെ ഏല്‍പ്പിക്കാവുന്നതാണ്. :)
സ്കെയിലൊക്കെ വച്ച് അരിയണം എന്നില്ല. എന്നാലും കുഞ്ഞു കുഞ്ഞു കഷ്ണങ്ങള്‍ ആക്കണം. അരിഞ്ഞു കഴിഞ്ഞാല്‍ അത് ഏകദേശം ഇങ്ങനെ ഇരിക്കും.

ചിത്രം 3 ലെ (താഴെ, താഴെ) ഐറ്റംസും അതായത് നാളികേരം ചിരകിയത്, ഉള്ളി, പച്ചമുളക് ഇത് ഒന്നു ചതച്ചെടുക്കുക. മിക്സിയിലിട്ട് ഒന്നടിച്ചെടുക്കുക.

ചീനചട്ടിയില്‍ വെളിച്ചെണ്ണ ഇട്ടു ചൂടാക്കി അതില്‍ കടുകു പൊട്ടിച്ചതിനുശേഷം കിഴക്കന്‍ മുളക് അഥവാ കൊല്ലന്‍ മുളക് അഥവാ ചുമന്ന് മുളക് കഷ്ണങ്ങളാക്കി പൊട്ടിച്ച് ഇടുക. കൂടെ ഒരു പിടി അരിമണിയും. (കടലപരിപ്പോ, ഉഴുന്നു പരിപ്പോ ആയാലും മതി അഭിരുചിക്കനുസരിച്ച്).
അതിലേക്ക് പയര്‍ അരിഞ്ഞു വച്ചത് ഇട്ട് വേവാന്‍ പാകത്തില്‍ അല്പം വെള്ളം ഒഴിച്ച് കുറച്ച് മഞ്ഞള്‍പൊടി, ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് ഇളക്കുക. വേവാന്‍ ആവശ്യമുള്ള വെള്ളമേ ഒഴിക്കാവൂ കേട്ടോ.

വെന്തു കഴിഞ്ഞാല്‍ അതിലേക്ക് നേരത്തെ ചതച്ചു വച്ച തേങ്ങക്കൂട്ട് ചേര്‍ത്ത് ഒന്നു രണ്ടുമിനിറ്റ് ഇളക്കുക. തീ ഓഫ് ചെയ്യുക. നല്ല മണമുള്ള പയറു തോരന്‍ റെഡി.
ഇതിലെ ഉള്ളി ചുമ്മാ ഭംഗിക്കു വച്ചതാ. വേണ്ടായിരുന്നു. :)