Wednesday, April 29, 2009

മുതിര കൊണ്ട് ചമ്മന്തിയുണ്ടാക്കാം.


ഇതു മുതിര കൊണ്ടുള്ള ചമ്മന്തി ആണു. ഇതിന്റെ പ്രത്യേകത ഇതു എന്റെ ചെറുപ്പം തൊട്ടേ ഞാന്‍ കാണുന്നതാണ് എന്നുള്ളതാണ്. (വീട്ടില്‍ ഉണ്ടാക്കാറുണ്ട് എന്ന്.) പക്ഷേ ഇതു ഇവിടെ വന്നതിനു ശേഷം ഉണ്ടാക്കിയപ്പോള്‍ ഒരു വിധം എല്ലാവരും ഇത് പുതിയ ഒരു അറിവാണല്ലോ എന്നു പറഞ്ഞതിനാല്‍ ആണു ഇപ്പോള്‍ ഇവിടെ ഇടുന്നത്. എല്ലാവരും പരീക്ഷിച്ചു നോക്കണമേ. സിമ്പിളാണു്.
മുകളിലെ പടത്തില്‍ കാണുന്ന സാധനനങ്ങള്‍ മാത്രം മതി. ഇത്തിരി ഉപ്പും രണ്ടു സ്പൂണ്‍ വെളിച്ചെണ്ണയും കൂടി വേണം. (അതു മാത്രം ചിത്രത്തില്‍ കാണാന്‍ വഴിയില്ല;) )
ഇതില്‍ മുതിര കാണിച്ചിട്ടുള്ളത് വെറും മുതിരയല്ല. വറുത്ത മുതിരയാണ്. വറുക്ക എന്നു പറയുമ്പോള്‍ വെറുതേ ചൂടാക്കുക. മുതിരയുടേ മണം ഉയരുമ്പോള്‍ അപ്പോഴേക്കും ചെറിയരീതിയില്‍ മുതിര പൊട്ടിതുടങ്ങും വാങ്ങി മാറ്റിവക്കണം.
ആ കാണുന്ന കൊല്ലന്‍ മുളക് (ചുമന്ന മുളക്) ചുട്ടെടുത്താകണം. (ഒവനില്‍ വച്ചാലും ഗ്യാസ് തീയില്‍ കാട്ടിയാലും ‘ചുട്ട്’ എടുക്കാം.

ഇത്രയും ആയാം സംഗതി സിമ്പിള്‍.

മിക്സി എടുക്കുക. ആദ്യം മുതിര ഇടുക. ഒന്ന് പെരുക്കുക. അതിനുശേഷം ബാക്കി നാ‍ളികേരം, ഉള്ളി, മുളക് (രണ്ടു തരം), കരിവേപ്പില, പുളി ഇവയും ഇട്ട് സാധാരണ ചമന്തി അരക്കുന്നതുപോലെ പെരുക്കുക. ഉപ്പുചേര്‍ക്കാന്‍ മറക്കരുത്. (ഞാന്‍ വെള്ളം ഒട്ടും തന്നെ ചേര്‍ക്കാറില്ല, ചേര്‍ത്താലും വലിയ തെറ്റില്ല എന്നു തോന്നുന്നു)

മിക്സിയില്‍ നിന്ന് വാങ്ങി രണ്ടു ടിസ്പൂണ്‍ ശുദ്ധവെളിച്ചെണ്ണ ചേര്‍ത്താല്‍ സംഗതി റെഡി.
പരീക്ഷിക്കണേ.

Tuesday, April 21, 2009

പച്ചപയര്‍ തോരന്‍ (സമര്‍പ്പണം സൂ ചേച്ചിക്ക്)

ഇതുപോലെയുള്ള പയര്‍ എന്നും ഇവിടെ എല്ലാ കടകളിലും കിട്ടും. വലിയ വിലയായിരിക്കും ചുരുക്കം ചില സമയങ്ങളില്‍ എന്നു മാത്രം. ഇതു കൊണ്ട് പയര്‍ ഉപ്പേരി ആണു സാധാരണ ഉണ്ടാക്കാന്‍ എളുപ്പം. ഒന്ന് ഒന്നര സെന്റീമീറ്ററില്‍ അരിഞ്ഞാല്‍ പെട്ടന്ന് പണി കഴിയുമല്ലോ. തോരന്‍ ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. പയര്‍ ചെറുതായി അരിയുക എന്ന ഒരു കാര്യം മാത്രമേ ഇതില്‍ അല്പം സമയമെടുക്കുകയുള്ളൂ. ഈ പണി ഈസിയായി ആണുങ്ങളെ ഏല്‍പ്പിക്കാവുന്നതാണ്. :)
സ്കെയിലൊക്കെ വച്ച് അരിയണം എന്നില്ല. എന്നാലും കുഞ്ഞു കുഞ്ഞു കഷ്ണങ്ങള്‍ ആക്കണം. അരിഞ്ഞു കഴിഞ്ഞാല്‍ അത് ഏകദേശം ഇങ്ങനെ ഇരിക്കും.

ചിത്രം 3 ലെ (താഴെ, താഴെ) ഐറ്റംസും അതായത് നാളികേരം ചിരകിയത്, ഉള്ളി, പച്ചമുളക് ഇത് ഒന്നു ചതച്ചെടുക്കുക. മിക്സിയിലിട്ട് ഒന്നടിച്ചെടുക്കുക.

ചീനചട്ടിയില്‍ വെളിച്ചെണ്ണ ഇട്ടു ചൂടാക്കി അതില്‍ കടുകു പൊട്ടിച്ചതിനുശേഷം കിഴക്കന്‍ മുളക് അഥവാ കൊല്ലന്‍ മുളക് അഥവാ ചുമന്ന് മുളക് കഷ്ണങ്ങളാക്കി പൊട്ടിച്ച് ഇടുക. കൂടെ ഒരു പിടി അരിമണിയും. (കടലപരിപ്പോ, ഉഴുന്നു പരിപ്പോ ആയാലും മതി അഭിരുചിക്കനുസരിച്ച്).
അതിലേക്ക് പയര്‍ അരിഞ്ഞു വച്ചത് ഇട്ട് വേവാന്‍ പാകത്തില്‍ അല്പം വെള്ളം ഒഴിച്ച് കുറച്ച് മഞ്ഞള്‍പൊടി, ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് ഇളക്കുക. വേവാന്‍ ആവശ്യമുള്ള വെള്ളമേ ഒഴിക്കാവൂ കേട്ടോ.

വെന്തു കഴിഞ്ഞാല്‍ അതിലേക്ക് നേരത്തെ ചതച്ചു വച്ച തേങ്ങക്കൂട്ട് ചേര്‍ത്ത് ഒന്നു രണ്ടുമിനിറ്റ് ഇളക്കുക. തീ ഓഫ് ചെയ്യുക. നല്ല മണമുള്ള പയറു തോരന്‍ റെഡി.
ഇതിലെ ഉള്ളി ചുമ്മാ ഭംഗിക്കു വച്ചതാ. വേണ്ടായിരുന്നു. :)